കേരളത്തിന് അഭിമാനം; 105കാരി കൊവിഡ് മുക്തയായി ആശുപത്രി വിട്ടു

കൊല്ലം: കേരളത്തിന് അഭിമാന നേട്ടമായി കൊവിഡ് ബാധിതയായ 105 വയസുകാരി രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചല്‍ സ്വദേശിനിയായ 105 വയസുകാരി ആസ്മ ബീവിയാണ് കോവിഡ് രോഗമുക്തി നേടിയത്.

ജൂലൈ 20നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പനിയും ചുമയും ഉള്‍പ്പെടയുള്ള ലക്ഷണങ്ങലോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു.

സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണിവര്‍. രോഗത്തിന്റെ പിടിയിലായിട്ടും ഇവര്‍ കാണിച്ച അസാമാന്യ ധൈര്യം നാം മാതൃകയാക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കൊവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Top