കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്നു: അമിത്ഷാ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ. ഐശ്വര്യപൂർണ്ണമായ ഓണത്തിൽ നല്ല അവസ്ഥയിലായിരിക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പരാമർശം. ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകീട്ട് 7.20നാണ് അമിത്ഷാ തിരുവനന്തപുരത്തെത്തിയത്.

തിരുവനന്തപുരത്ത് ഒരു സാംസ്‌കാരിക പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. അമിത് ഷായ്ക്ക് ബി.ജെ.പി ഇന്നലെ വൻസ്വീകരണമാണ് നൽകിയത്. വിമാനത്താവള പരിസരത്തൊരുക്കിയ പ്രത്യേക വാഹനത്തിൽ കയറിനിന്ന് അമിത്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുടർന്ന് കോവളം റാവിസ് ഹോട്ടലിലേക്ക് പോയി. ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അമിത്ഷായെ സ്വീകരിച്ചു. ഇന്ന് കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.

രാവിലെ 10.30ന് കോവളം ലീലാ റാവിസിൽ നടക്കുന്ന യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമവും അമിത്ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മടങ്ങുമെന്നാണ് വിവരം. നാലിന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് വിശിഷ്ടാതിഥിയായി അമിത്ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Top