ന്യൂഡല്‍ഹി: എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇപിഎഫ്ഒ രംഗത്ത്. ആധാറുമായി ഇപിഎഫ് ബന്ധിപ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ നിലവാരമില്ലെന്ന് കാണിച്ച് ഈ സേവനം കഴിഞ്ഞ മാര്‍ച്ച് 22ന് ഇപിഎഫ്ഒ അവസാനിപ്പിച്ചിരുന്നു. സേവനം അവസാനിപ്പിക്കുന്നതിന് മുന്‍പായി ഇതിലൂടെ നല്കിയ വിവരങ്ങള്‍ ആയിരിക്കാം ചോര്‍ന്നതെന്നാണ് ഇപിഎഫ് ഓഫീസില്‍ നിന്നുള്ള വിശദീകരണം.
ഇപിഎഫ് അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇപിഎഫുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി എന്ന നിലയിലാണ് രാവിലെ മുതല്‍ പ്രചാരണം ഉണ്ടായത്. എന്നാല്‍, അക്ഷയകേന്ദ്രങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചിരുന്ന സെര്‍വര്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതാണ് തെറ്റിധാരണയ്ക്ക് കാരണമായത്.
ഇപിഎഫിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ചോര്‍ന്നിട്ടില്ലെന്നും ഇപിഎഫ് കമ്മീഷണര്‍ വി.പി ജോയ് അറിയിച്ചു. പൊതു കേന്ദ്രങ്ങളിലെ സെര്‍വര്‍ വഴിയുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഇതിനായി ഇപ്പോള്‍ ഇപിഎഫിന്റെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും വെബ്സൈറ്റ് വഴിയും തൊഴിലുടമകള്‍ വഴിയും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.