സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാനുള്ള സൗകര്യമൊരുക്കുന്നു

ശബരിമല: സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും.

സന്നിധാനത്ത് എറ്റവുമധികം തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നത്. കാട് വെട്ടിതെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടാന്‍ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരക്കേഡുകള്‍ സ്ഥാപിക്കും. ശൗചാലയങ്ങള്‍ അധികമായി ഒരുക്കും. ഫയര്‍ഫോഴ്‌സ്, ആരോഗ്യവിഭാഗം, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും.

പുല്ലുമേട്, പമ്പ ഹില്‍ വ്യൂ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പണികള്‍ പത്താം തീയതി പൂര്‍ത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും ഫയര്‍ഫോഴ്‌സും ആരോഗ്യവകുപ്പും ജീവനക്കാരെ കൂട്ടും. തിരക്ക് കാരണം പ്രസാദവിതരണത്തിന് ഒരു കൗണ്ടര്‍ കൂടി സന്നിധാനത്ത് തുടങ്ങി. തീര്‍ത്ഥാടകര്‍ മാസ്‌ക്ക് ധരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കര്‍ശനപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Top