ജനങ്ങളെ പ്രകോപിതരാക്കിയാല്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്ദേശം അവരിലെത്തിക്കാന്‍ കഴിയൂ എന്ന് ഗ്രെറ്റ തുന്‍ബെര്‍ഗ് പറഞ്ഞു.
അടുത്തയിടെ ബ്രിട്ടനില്‍ ഇന്‍സുലേറ്റ് ബ്രിട്ടന്‍ പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തെ കുറിച്ച് പ്രതികരിക്കവേ ബി ബി സിയിലാണ് ഈ 18 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഇതുപറഞ്ഞത്. വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ചില സമരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അവര്‍ പറഞ്ഞു.
ആഗോളതാപനം 1.5 ഡിഗ്രിയില്‍ താഴെ കൊണ്ടുവരിക എന്നത് സൈദ്ധാന്തികമായി സാധ്യമാണെങ്കിലും ജനങ്ങള്‍ മുഴുവനും ഒത്തുചേര്‍ന്ന് ശ്രമിക്കാതെ അത് പ്രായോഗികമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടില്‍. പ്രതിഷേധ സമരങ്ങള്‍ അനുവദിച്ചിട്ടുള്ള ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ അനുവദനീയമല്ലാത്ത ചൈന പോലുള്ള രാജ്യങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആളുകള്‍ ധാരാളം സംസാരിക്കുന്നു എന്നാല്‍, വളരെ കുറച്ചുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന രാജ്ഞിയുടെ വാക്കുകളെ കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ ധാരാളം ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ഗ്രെറ്റയുടെ മറുപടി. യഥാര്‍ത്ഥത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കാതെയുള്ള പല രാജ്യങ്ങളുടെ നയം കാണുമ്പോൾ പരിസ്ഥിതി അവര്‍ക്ക് ഒരു പരിഗനനാ വിഷയമേയല്ലെന്ന് തോന്നിയിട്ടുണ്ടെന്നും ഗ്രേറ്റ പറഞ്ഞു.
കോപ്പ് 26 ന് എത്തിയ ലോകനേതാക്കളേക്കാള്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത് തുന്‍ബെര്‍ഗ് തന്നെയായിരുന്നു. ഈ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രാസ്‌ഗോ സെന്‍ട്രല്‍ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങുമ്പോൾ വന്‍ ജനാവലി തന്നെ അവരെ സ്വീകരിക്കുവാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം ഇന്നലത്തെ കനത്ത മഴയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വന്ന നിരവധി പ്രതിനിധികള്‍ക്ക് ഇന്നലെ ഗ്ലാസ്‌ഗോയില്‍ എത്താന്‍ കഴിഞ്ഞില്ല.
റെയില്‍വേ ലേയ്‌നുകളില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് സര്‍വ്വീസുകല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അവരില്‍ പലര്‍ക്കും ലണ്ടനിലെ യൂസ്റ്റണ്‍ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കേണ്ടതായി വന്നു. യാത്രക്കാരോട് തിരികെ വീട്ടിലേക്ക് പോകാനും നാളെ യാത്രചെയ്യുവാനും നെറ്റ്വര്‍ക്ക് റെയില്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത കാലാവസ്ഥ മൂലം യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.