തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിന്റെ അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ ജസ്റ്റിസ് പി.എസ് ആന്റണി.
അന്വേഷണത്തില്‍ തൃപ്തനാണ്. വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും ജസ്റ്റിസ് ആന്റണി പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കക്ഷികള്‍ക്ക് സമയം നല്‍കിയിരുന്നു. കമ്മീഷന് മുമ്പില്‍ ആര്‍ക്ക് വേണമെങ്കിലും മൊഴി നല്‍കാന്‍ കഴിയും. മൊഴി നല്‍കണമോ എന്ന് കക്ഷികളാണ് തീരുമാനിക്കേണ്ടത്. ആരോപണം അന്വേഷിക്കാന്‍ ആവശ്യമായ സമയം ലഭിച്ചിരുന്നു. ആദ്യം മൂന്നു മാസം ലഭിച്ചു. പിന്നീട് ഒമ്പത് മാസമായി നീട്ടിതരികയും ചെയ്തു. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ പുറത്തുവിടുന്നതുവരെ മാധ്യമങ്ങള്‍ കാത്തിരിക്കണമെന്ന് ജസ്റ്റിസ് ആന്റണി കൂട്ടിച്ചേര്‍ത്തു.