പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പി എസ് പ്രശാന്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു. നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് പ്രശാന്തിന്റെ പ്രതികരണം. കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ പ്രശാന്ത് കെ സി വേണുഗോപാലിനെതിരെ പറഞ്ഞതില്‍ പശ്ചാത്താപമില്ലെന്നും വ്യക്തമാക്കി. സംഘടനയെ വേണുഗോപാല്‍ നശിപ്പിക്കുമെന്ന് പ്രശാന്ത് ആവര്‍ത്തിച്ചു.

സസ്‌പെന്‍ഷന് ശേഷവും തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രശാന്തെന്നാണ് സുധാകരന്റെ ആക്ഷേപം. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

Top