കോഴിക്കോട്: യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
അതേസമയം അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീധരന്‍ പിള്ളയ്ക്കതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഐപിസി 505 (1) ബി പ്രകാരമാണ് കേസെടുത്തത്.
യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ബോധപൂര്‍വ്വം കലാപം നടത്താനും നിയമലംഘനം നടത്താനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പരാതി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആണ് പരാതി കൈമാറിയത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കുക, കോടതി ഉത്തരവ് ലംഘിക്കാന്‍ ഗൂഡാലോചന നടത്താന്‍ പദ്ധതികള്‍ നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.