തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ചത് പാര്‍ട്ടിക്ക് നാണക്കേടായെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍. ഇത്തരം സമരരൂപങ്ങള്‍ പ്രഖ്യാപിച്ചത് വഴി പാര്‍ട്ടിയുടെ യശസിന് മങ്ങലേറ്റതായും നേതാക്കളുടെ വിമര്‍ശനം.
തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാല്‍ നായരുടെ ആത്മഹത്യയെ ചൊല്ലി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹര്‍ത്താനെതിരെയാണ് ബിജെപി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായത്.
എന്നാല്‍ ആ ഘട്ടത്തില്‍ ഹര്‍ത്താല്‍ അനിവാര്യമായിരുന്നു എന്നായിരുന്നു പി എസ് ശ്രീധരന്‍പിളളയുടെ മറുപടി.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളോട് പോലും ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പെരുമാറുന്നതെന്നും വിമര്‍ശനം ഉണ്ടായി.
ശബരിമല വിഷയത്തെ ചൊല്ലി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാവിയെ പറ്റി ചില ഭാരവാഹികള്‍ ആശങ്ക ഉന്നയിച്ചു.
എന്നാല്‍ സമരം ഈ ഘട്ടത്തില്‍ നിര്‍ത്തുന്നത് ആത്മഹത്യ പരമായിരിക്കുമെന്ന് നേതൃത്വം വിശദീകരണം നല്‍കി. ശബരിമല സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22 വരെ സമരം തുടരണമെന്നും തീരുമാനമായി.
സമരം രൂക്ഷമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും റിലേ സത്യഗ്രഹങ്ങള്‍ നടത്താനും, മകരവിളക്ക് ദിവസം എല്ലാ പ്രവര്‍ത്തകരുടെ വീടുകളിലും മകരജ്യോതി തെളിയിക്കാനും തീരുമാനം എടുത്തു.