കോഴിക്കോട്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തിലെ ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. വിഷയത്തില്‍ പ്രധാനമന്ത്രി ഒരു മധ്യസ്ഥന്റെ റോളില്‍ അല്ല ഉള്ളത്. കാര്യങ്ങള്‍ മനസിലാക്കി നീതി കൊടുക്കണമെന്ന സങ്കല്‍പ്പത്തിലാണ് അദ്ദേഹമുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രണ്ട് സഭകളുടെ നേതൃത്വങ്ങളെയും വീണ്ടും കാണും. എത്രമാത്രം വിട്ടുവീഴ്ചയാകാമെന്ന് രണ്ട് കൂട്ടരോടും ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതാണോയെന്ന് മനസിലാക്കാന്‍ പറ്റും. ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയമായി ഒന്നും കണ്ടിട്ടില്ല. രണ്ട് കൂട്ടര്‍ക്കും തന്നെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തിന്റെ തലം എന്ന് പറയുന്നത് ഒരു ചെറിയ പ്രതലമാണ്. അവിടുന്ന് ഇങ്ങോട്ട് ചാടുമെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല, അങ്ങനെ ശ്രമവും ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.