ഐസ്വാള്‍ : മിസോറം ഗവര്‍ണറായി ബി.ജെ.പി കേരളാ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കും.
ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ പങ്കെടുക്കാനായി പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ കേരളത്തില്‍ നിന്നെത്തുന്നുണ്ട്.
തിങ്കളാഴ്ച മിസോറാമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ ശ്രീധരന്‍ പിള്ളയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചിരുന്നത്.
ഒക്ടോബര്‍ 25 നാണ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി ഈ മാസം തീരാനിരിക്കെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ നിയമനം എന്നതും ശ്രദ്ധേയമാണ്.
വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.