പി.എസ്.സി നിയമനം; അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രണ്ടാംഘട്ടമായി സമരം ഏറ്റെടുത്ത യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ എന്നിവര്‍ സമര പന്തലില്‍ എത്തി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. സിപിഒ ഉദ്യോഗാര്‍ത്ഥികളെ ഇന്നലെയും മുഖ്യമന്ത്രി അധിക്ഷേപിച്ചതായും അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ സമരത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും ഒറ്റുകൊടുത്തെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം ഉദ്യോഗാര്‍ഥികളുടെ സമരം നിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. സമരം തുടരുന്ന സിപിഒ ഉദ്യാഗാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

 

Top