തിരുവനന്തപുരം: യാത്രാ ചെലവിനായി പിഎസ്‌സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍. പിഎസ്‌സി യോഗത്തില്‍ യുഡിഎഫ് അംഗങ്ങളും ചെയര്‍മാനെ പിന്തുണച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായാണ് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ കത്തയച്ചത്. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റുള്ള സംസ്ഥാനങ്ങളില്‍ പി.എസ്.സി അദ്ധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.
സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസങ്ങളില്ലെങ്കില്‍ എ.ജിക്കും ഫയല്‍ കൈമാറും.