തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുള്ളവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലെ നിർദേശങ്ങൾ മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും. 2015 ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ കായിക താരങ്ങൾക്കുള്ള ജോലിക്കാര്യത്തിൽ ഇന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നു കായിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു. താരങ്ങളുടെ സമരം ഇതോടെ തൽക്കാലം നിർത്തി.
സർക്കാർ രേഖാമൂലം ഉറപ്പു തരുന്നതു വരെ സമരം തുടരാനായിരുന്നു എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം.എന്നാൽ ഉറപ്പു ലഭിക്കാത്തതിനെ തുടർന്ന് എൽജിഎസ് ഉദ്യോഗാർഥികൾ നിരാഹാരത്തിലേക്കു കടക്കുകയും ചെയ്തു.ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ ഒഴിവുകൾ കൂടി പരിഗണിച്ചാവും മന്ത്രിസഭാ തീരുമാനം.
അതേസമയം വേണ്ടത്ര നിയമനം ലഭിക്കാത്തതും നിയമനം വൈകുന്നതുമായ മറ്റു പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിക്കുന്നതു സർക്കാരിന് തിരിച്ചടിയാകും.