കൊറോണ; ഏപ്രില്‍ 14 വരെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളെല്ലാം റദ്ദാക്കി

തിരുവനന്തപുരം: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളെല്ലാം റദ്ദാക്കി. എഴുത്തു പരീക്ഷകള്‍ക്ക് പുറമെ അഭിമുഖങ്ങളും വകുപ്പുതല പരീക്ഷകളും എല്ലാം മാറ്റിവച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് വകവെക്കാതെ കടുത്ത നിയന്ത്രണങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ എംജി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് തുടക്കമായി. എംജി സര്‍വകലാശാല ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടക്കുന്നത്.

കൊറോണ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പരീക്ഷയുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും പരീക്ഷ കഴിഞ്ഞാലുടന്‍ വീട്ടിലേക്ക് മടങ്ങണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.

Top