തിരുവന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ ശുപാര്‍ശകളുമായി ക്രൈംബ്രാഞ്ച്.പിഎസ്‌സി ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിഎസ്‌സി ക്രമക്കേടുകള്‍ തടയാന്‍ പുതിയ ശുപാര്‍ശകള്‍ ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.
പരീക്ഷ ഹാളിനുള്ളില്‍ വാച്ച് നിരേധിക്കണം. സമയമറിയാന്‍ പരീക്ഷ ഹാളിനുള്ളില്‍ ക്ലോക്ക് സ്ഥാപിക്കണം. ഹാളിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ശാരീരിക പരിശോധന നടത്തണം. ആള്‍മാറാട്ടവും കോപ്പിയടിയും തടയാന്‍ സിസിടിവി സ്ഥാപിക്കണം. മൊബൈല്‍ ജാമര്‍ സ്ഥാപിക്കണം. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കി നടപടി വേണം. എന്നീ ശുപാര്‍ശകളാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഉയര്‍ന്ന ത്സ്തികകളില്‍ എഴുത്തു പരീക്ഷ കൂടി അത്യാവിശ്യമാണെന്നും ആള്‍മാര്‍ട്ടം കൈയ്യക്ഷരത്തിലൂടെ കണ്ടെത്താന്‍ ഇത് സഹായകമാകുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
മൂന്ന് പ്രതികളൊഴികെ മറ്റാരും പിഎസ്‌സി ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇതോടെ മരവിപ്പിച്ച റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമന നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പിഎസ്‌സി.