സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കില്ല: പി.എസ്.സി ചെയര്‍മാന്‍

തിരുവനന്തപുരം: മുന്‍ എസ്.എഫ്.ഐ. നേതാക്കള്‍ കോപ്പിയടിച്ചതിലൂടെ വിവാദമായ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍. റാങ്ക് പട്ടികയില്‍ ഇടംനേടിയ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കുന്നതില്‍ തടസമില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നും അതിനാല്‍ നിലവിലെ റാങ്ക് പട്ടികയുമായി മുന്നോട്ടുപോകാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കമ്മീഷന്‍ യോഗത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചര്‍ച്ച ചെയ്തശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും പി.എസ്.സി. ചെയര്‍മാന്‍ പറഞ്ഞു.പരീക്ഷ നടത്തിപ്പില്‍ പി.എസ്.സിയുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുപോയെന്നോ പി.എസ്.സിക്ക് തെറ്റുസംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ല. പരീക്ഷാത്തട്ടിപ്പ് നടത്തിയവരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കനുസരിച്ച് മറ്റുനടപടികളുണ്ടാവും. കേസില്‍ പ്രതികളായ ശിവരഞ്ജിത്ത്,പ്രണവ്,നസീം എന്നിവരുടെ പേരുകളല്ലാതെ മറ്റുപേരുകള്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയിട്ടില്ലെന്നും പി.എസ്.സി. ചെയര്‍മാന്‍ പറഞ്ഞു.

Top