പി.എസ്.സി പരീക്ഷ കൂടുതല്‍ കര്‍ശനമാക്കും; വാച്ചും ഫോണും ഹാളില്‍ കയറ്റിയാല്‍ നടപടി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് പോകുന്നവര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേരളാ സര്‍ക്കാര്‍. പരീക്ഷയ്ക്ക് ഇരിക്കുന്ന ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച് പരീക്ഷയ്ക്ക് ഇരിക്കുന്നവരെ അയോഗ്യരാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സിവില്‍ പൊലീസ് ഓഫീസര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍, സ്റ്റേഷനറി വസ്തുക്കള്‍, വാച്ച്, പേഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിക്കുന്നെന്നും ഇത്തരം വസ്തുക്കള്‍ പരീക്ഷ എഴുതുന്നവരില്‍ കണ്ടാല്‍ നടപടി സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

അതേസമയം കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി.എസ്.സി സെക്രട്ടറിക്ക് എട്ട് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പി.എസ്.സി പരീക്ഷകളില്‍ നിരന്തരം നടക്കുന്ന ക്രമക്കേടുകള്‍ ഇല്ലാതാക്കാനുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന കര്‍ശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സി.സി.ടി.വിയും മൊബൈല്‍ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പയടിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശുപാര്‍ശകള്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. പരീക്ഷ നടപടികളില്‍ അടിമുടിമാറ്റം വരുത്തണമെന്നായിരുന്നു ശുപാര്‍ശ.

എല്ലാ പരീക്ഷാ ഹാളിലും സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. പി.എസ്.സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഇതിനായി പോര്‍ട്ടബിള്‍ വൈഫ്-ഫൈ സ്ഥാപിക്കണം. ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയര്‍ന്നാല്‍ കൈയക്ഷര പരിശോധന നടത്താന്‍ ഇത് സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.

Top