തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ മുഴുവന്‍ പിഎസ്‌സി പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുപോയി പരീക്ഷ എഴുതാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കണം. ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണെന്നിരിക്കെ ചാടികയറി പരീക്ഷ നടത്തുന്നത് സുരക്ഷിതമായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താനാവുകയെന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച അസിസ്റ്റന്‍ഡ് പ്രൊഫസര്‍, എല്‍.പി,യു.പി സ്‌കൂള്‍ ടീച്ചര്‍ പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.