പി.എസ്.സി ക്രമക്കേട്; തട്ടിപ്പ് നടത്തിയത് ചൈനീസ് വാച്ച് ഉപയോഗിച്ചെന്ന് …

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്എസി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചാണെന്ന് സൈബര്‍ സെല്‍. സ്‌കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളിലാക്കി വാച്ചിലേക്ക് തിരികെ അയച്ചിരിക്കാമെന്നാണ് സൈബര്‍ സെല്‍ പറയുന്നത്.

പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് പി.എസ്.സി വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാ ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നു പിഎസ്സി ജീവനക്കാര്‍ പറയുന്നു. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നത് ഈ ജീവനക്കാരാണ്. ഇതാണ് സംശയത്തിന് വഴിവെച്ചത്. ഈ സംശയമുള്ളതിനാലാണ് പിഎസ്സിയുടെ പരീക്ഷാ സെന്ററുകളില്‍നിന്ന് യൂണിവേഴ്‌സിറ്റി കോളജിനെ ഒഴിവാക്കിയത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുകാരനം നസീം 28-ാം റാങ്കുകാരനുമായിരുന്നു. അഖിലിനെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും പ്രണവ് 17-ാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണു പരീക്ഷയില്‍ ലഭിച്ചത്.

പിഎസ്സി ആഭ്യന്തര വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് സൈബര്‍ സെല്ലാണ് തട്ടിപ്പുകാരെന്നു സംശയിക്കുന്നവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചത്. സിം ഇടാന്‍ കഴിയുന്ന ചൈനീസ് വാച്ച് തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

ഇത്തരം വാച്ചില്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ സെക്കന്റുകള്‍ മതി. പി.എസ്.സി ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഇമേജ് രൂപത്തില്‍ പുറത്തുള്ള കൂട്ടുകാരിലേക്ക് എത്തിച്ചിരിക്കുമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിഗമനം.

എന്നാല്‍ ഇത്തരം വാച്ചില്‍നിന്ന് പുറത്തേക്ക് ഇമേജ് രൂപത്തില്‍ സന്ദേശം അയയ്ക്കാമെങ്കിലും ഇമേജ് രൂപത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. സാധാരണ സന്ദേശം മാത്രമേ വാച്ച് സ്വീകരിക്കൂ. ശിവരഞ്ജിത്തിന് 96ഉം, പ്രണവിന് 78ഉം സന്ദേശങ്ങള്‍ വരാനുള്ള കാരണവും ഇതാണെന്നു അന്വേഷണസംഘം വിലയിരുത്തുന്നു. 5,000 രൂപ മുതല്‍ ഇത്തരം ചൈനീസ് വാച്ചുകള്‍ ലഭിക്കും.

ഇതര സംസ്ഥാനങ്ങളില്‍ നടന്നതിനു സമാനമായ വലിയ പരീക്ഷാ തട്ടിപ്പാണു നടന്നതെന്നാണു പിഎസ്സി വിജിലന്‍സ് സംഘത്തിന്റെ നിഗമനം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറി ഇന്ന് ഡിജിപിക്ക് കത്തു നല്‍കും.

ഉദ്യോഗാര്‍ഥികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്സിയില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുപയോഗിച്ച് തട്ടിപ്പു നടത്തിയതാണു വേഗത്തില്‍ കണ്ടെത്താന്‍ സഹായകരമായത്. 28ാം റാങ്കുകാരനായ നസീം പിഎസ്സിയില്‍ റജിസ്റ്റര്‍ ചെയ്ത നമ്പരിലേക്കു പരീക്ഷാ സമയത്ത് സന്ദേശങ്ങളൊന്നും വന്നിട്ടില്ല. നസീം മറ്റൊരു സിം ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

Top