പി എസ് സി പ്രതിഷേധം സര്‍ക്കാരിന്റെ ഐശ്വര്യം; മന്ത്രി എംഎം മണി

തിരുവനന്തപുരം:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണെന്ന്  മന്ത്രി എം എം മണി. ”പത്തോ പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് ഒരു പാപമാണെന്നൊന്നും ഞങ്ങള് കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോമൊണ്ടോ? പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കില്‍ പിന്നെ എന്താ ഒരു ഐശ്വര്യം? ഇത് ഞങ്ങടെ ഐശ്വര്യമാണ്. അതൊന്നും വല്യ പ്രശ്‌നമല്ല. സമരങ്ങളൊക്കെ നടക്കട്ടെ”എം എം മണി പ്രതികരിച്ചു.

ആളുകളെ സ്ഥിരപ്പെടുത്തിയതിലും പിന്‍വാതില്‍ നിയമനങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഐശ്വര്യ കേരളയാത്രയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമന വിവാദം ഏറ്റുപിടിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സംസ്ഥാന സിപിഎം ശില്‍പശാലയില്‍ മന്ത്രിമാരോട് അടക്കം നിര്‍ദേശം നല്‍കിയതാണ്. വിവാദങ്ങള്‍ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടുള്ള യുഡിഎഫ് നീക്കമാണെന്നും വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും പിണറായി സിപിഎം ശില്‍പശാലയില്‍ പറഞ്ഞിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ സമരങ്ങള്‍ തുടരുന്നതിനിടെയായിരുന്നു പിണറായിയുടെ നിര്‍ദേശം.

പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ ഇന്നും സംസ്ഥാനവ്യാപകമായി കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നടന്നു. കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കാസര്‍കോട് യുവമോര്‍ച്ചയും പ്രതിഷേധം നടത്തി. കാസര്‍കോട്ടെ പിഎസ്‌സി ജില്ലാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎസ്‌സി ഓഫിസിന് ഏതാനും മീറ്ററുകള്‍ക്ക് മുന്‍പില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയിലും കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഇവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. എംഎല്‍എ കെ രാജനും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും ചേര്‍ന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടാണ് സ്ഥിര നിയമനങ്ങള്‍ നല്കുന്നത് എന്നു ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്.

Top