പൊലീസിന്റെ ഗുണ്ടാ വിളയാട്ടം, ചട്ടവിരുദ്ധ പരിശോധന ചോദ്യം ചെയ്തതിന് പല്ല് അടിച്ചു കൊഴിച്ചു

ആലപ്പുഴ: വീണ്ടും സംസ്ഥാനത്ത് പൊലീസിന്റെ ഗുണ്ടാ വിളയാട്ടം. രാത്രിയുടെ മറവിലുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പൊലീസ് ഉദ്യോഗസ്ഥര്‍ അടിച്ചു കൊഴിച്ചു. ചേര്‍ത്തലയിലാണ് ചട്ടവിരുദ്ധമായി വാഹന പരിശോധന നടത്തിയത്.

അതിക്രമത്തിനിടെ പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ല് പൊലീസ് അടിച്ചു കൊഴിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല നഗരസഭാ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്.കമ്മത്തിനാണ് ദുരനുഭവമുണ്ടായത്.

ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ തിരിച്ചു പോകവേയായിരുന്നു രമേഷ്. ഈ സമയത്ത് റോഡിന്റെ വളവില്‍ പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഇത്തരത്തില്‍ വളവില്‍ പരിശോധന പാടില്ലെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടല്ലോയെന്നും ഇത് അപകടകരമല്ലേ എന്നും ചോദിച്ചതാണ് പൊലീസിനെ ചൊടിപ്പച്ചത്. തുടര്‍ന്ന് ഇയാള്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.

സംഭവത്തില്‍ ഒരു സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും. അന്വേഷണം നടക്കുന്നുണ്ടെന്നും ആലപ്പുഴ എസ്പി പ്രതികരിച്ചു. അതേസമയം രമേഷിന്റെ പല്ല് പോയിട്ടില്ലെന്നും എസ്പി അവകാശപ്പെട്ടു. ഇയാളുടേത് വെപ്പ് പല്ലായിരുന്നുവെന്ന് അവകാശപ്പെട്ട എസ്പി വൈദ്യപരിശോധനയുടെ തെളിവുകള്‍ പൊലീസിന്റെ കയ്യിലുണ്ടെന്ന് വാദിച്ചു.

Top