സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം നടത്തിയത് ; ചോദ്യം വിവാദത്തില്‍

തിരുവന്തപുരം: പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തിര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ബുധനാഴ്ച നടന്ന പിഎസ്സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം വന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം നടത്തിയതെന്നായിരുന്നു ചോദ്യം.

വീണ്ടും പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുകയാണെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും പന്തളം കൊട്ടാരം അടിയന്തിര യോഗം ചേര്‍ന്ന് വിലയിരുത്തി. വിവിധ മേഖലയിലെ വിദഗ്ദര്‍മാര്‍ ഉള്‍പ്പെടുന്ന സെറ്റര്‍മാരാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്നാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ചുള്ള പിഎസ്‌സിയുടെ വിശദീകരണം. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പിഎസ്‌സി വിശദീകരിച്ചു.

ഓപ്ഷനുകള്‍ ഇതായിരുന്നു. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുര്‍ഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ ദേവാര്‍ച്ചന പാര്‍വതി. ശരിയുത്തരം ബിന്ദുവും കനക ദുര്‍ഗയുമാണെന്ന് പിഎസ്‌സിയുടെ വെബ്‌സൈറ്റിലുള്ള ഉത്തര സൂചികയില്‍ നല്‍കിയിട്ടുണ്ട്.

Top