തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുെവന്നും പിഎസ്‌സിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ന്നെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പിഎസ്‌സി അംഗങ്ങളും കൂട്ടു നിന്നു. മറ്റു പരീക്ഷകളിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണം. പിഎസ്‌സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണം, ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്സി സ്ഥിരീകരിച്ചു.
പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.
അത് കൂടാതെ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യത പിഎസ്സി വിജിലന്‍സ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.