തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ സമരം ശക്തമാക്കിയിരിക്കുന്നത്. വിവിധ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ജനപങ്കാളിത്തവും കൂടുന്നുണ്ട്.
എൽജിഎസുകാർ സെക്രട്ടേറിയറ്റ് പരിസരത്ത് ശയനപ്രദക്ഷിണ സമരം നടത്തി. സമരത്തിനിടെ സമര നേതാവ് ലയ രാജെഷ് കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നിൽ കുഴഞ്ഞുവീണു. ലയയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡിവൈഎഫ്‌ഐ നേതാക്കള്‍ നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതീകാത്മ തൂക്കിലേറ്റല്‍ സമരം നടത്തി. നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സിന്റെ സമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ്.
സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരുടെ സ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് തങ്ങളെ നിയമിക്കണമെന്നാണ് എൽജിഎസുകാരുടെ ആവശ്യം. അതേ സമയം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന ആരോപണത്തിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന് എ.വിജയരാഘവൻ ആരോപിച്ചു.