ന്യൂഡല്‍ഹി: പി.എസ്.എസിയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി വിധി. ഇത് സംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് പി.എസ്.സി സുപ്രീം കോടതിയെ സമീപിച്ചത്.
അതേ സമയം ഉത്തരക്കടലാസ് പരിശോധകരുടെ പേര് പുറത്തുവിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി സംശയത്തിനതീതമായി നിലകൊള്ളണമെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ സുതാര്യതയും പിഎസ്‌സിയുടെ വിശ്വാസ്യതയും കൂടുമെന്നുമായിരുന്നു 2011ലെ ഹൈക്കോടതി വിധി. നടപടിക്രമം പാലിച്ച് മൂന്നാമതൊരു കക്ഷിയുടെ വിവരം നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിവരാവകാശ നിയമം ബാധകമാക്കിയാല്‍ ജോലിഭാരവും ചെലവും കൂടുമെന്നും ഭരണപരമായി ഒട്ടേറെ വിഷമതകളുണ്ടാവുമെന്നുമാണ് പിഎസ്‌സിയുടെ വാദം. എന്നാല്‍ പിഎസ്‌സിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നിലപാട്.