തിരുവനന്തപുരം: പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് തന്നെയാണെന്ന് പൊലീസ്. കോളേജ് ജീവനക്കാര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് പൊലീസിന് വിവരം കിട്ടിയത്.
ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം ചെയ്താണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് സൂചന. ഇതിനിടയില്‍ കോളേജിലെ വധശ്രമക്കേസില്‍ പിടികൂടാനുള്ള 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് അയച്ചു.
പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് യൂണിവേഴ്‌സിറ്റി കോളേജിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോള്‍ പ്രണവിന്റെ സുഹൃത്ത് സഫീറിന്റെ കൈവശം ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ഗോകുല്‍ എന്ന് പറയുന്ന പൊലീസുകാരനും പ്രണവും ചേര്‍ന്നു കൊണ്ട് ചോദ്യങ്ങള്‍ പരിശോധിച്ച് ഉത്തരങ്ങള്‍ എസ്എംഎസായി മൂന്നു പേര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്തു. സഫീറും ഗോകുലം ഒളിവില്‍ പോയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.