ജീന്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തില്‍ പി എസ് ജി

പാരിസ്: ബാര്‍സലോണ ലക്ഷ്യമിട്ട ജീന്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന്‍ (പി എസ് ജി).

ബാര്‍സലോണയെ നിരാശപ്പെടുത്തുന്നതിനു വേണ്ടിയാണ് സെറിക്കു വേണ്ടിയുള്ള പി.എസ്.ജിയുടെ നീക്കമെന്ന് താരത്തിന്റെ ഏജന്റ് ഫ്രാങ്ക്‌ലിന്‍ മാല പറയുന്നു.

മിഡ്ഫീല്‍ഡറായ സെറിയുടെ 40 ദശലക്ഷം യൂറോ മൂല്യമുള്ള ട്രാന്‍സ്ഫറിന് ഫ്രഞ്ച് ക്ലബ്ബ് നീസും ബാര്‍സലോണയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ട്രാന്‍സ്ഫര്‍ കാലാവധി ദിവസങ്ങള്‍ മാത്രം ശേഷിക്കെ 26കാരനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ബാര്‍സ നാടകീയമായി പിന്മാറി. സെറി ബാര്‍സയിലെത്താതിരിക്കാന്‍ പി.എസ്.ജി മനഃപൂര്‍വം രംഗത്തിറങ്ങിയതാണ് ഇതിനു കാരണമെന്ന് ഫ്രാങ്ക്‌ലിന്‍ മാല വ്യക്തമാക്കി.

ബാര്‍സ വാഗ്ദാനം ചെയ്തതിനേക്കാള്‍ ഇരട്ടിയോളമാണ് പി.എസ്.ജിയുടെ ഓഫര്‍ എന്നാണ് സൂചന.

പി.എസ്.ജിയുടെ മിഡ്ഫീല്‍ഡര്‍ മാര്‍കോ വെരാറ്റിക്കു വേണ്ടി ബാര്‍സ ശ്രമം തുടങ്ങിയതു മുതലാണ് ഇരു ക്ലബ്ബുകളും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്.

Top