എംബാപ്പെയുടെ ട്രാന്‍സ്ഫറില്‍ നിലപാട് വ്യക്തമാക്കി പിഎസ്ജി

ഫ്രഞ്ച് സൂപ്പര്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറില്‍ നിലപാട് വ്യക്തമാക്കി പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി. എംബാപ്പെയ്ക്ക് തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം ടീമില്‍ വേണമെന്ന് തന്നെയാണ് പിഎസ്ജിയുടെ ആഗ്രഹമെന്നും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഫ്രീയായി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 2024 ജൂണില്‍ എംബാപ്പെ പിഎസ്ജിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറായി പോകുന്നത് അസാധ്യമാണെന്നും അതാഗ്രഹിക്കുന്നില്ലെന്നും അല്‍ ഖെലൈഫി വ്യക്തമാക്കി. ഫ്രീ ട്രാന്‍സ്ഫറായി പോകില്ലെന്ന് എംബാപ്പെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, താരം മനസ് മാറ്റിയാല്‍ അത് തന്റെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭ്യഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, കഴിഞ്ഞ സമ്മറില്‍ റയലിന്റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി പിഎസ്ജിയുമായുള്ള കരാര്‍ എംബാപ്പെ പുതുക്കിയത്. അതേസമയം, പിഎസ്ജി വിട്ട് ഉടന്‍ റയല്‍ മാഡ്രിഡില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ കിലിയന്‍ എംബാപ്പെ തള്ളിയിരുന്നു. പിഎസ്ജിയില്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബില്‍ തുടരുമെന്നും എംബാപ്പെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി.

ഈ സീസണില്‍ റയലില്‍ ചേരുമെന്ന വാര്‍ത്തകള്‍ കള്ളമാണ് എന്ന് എംബാപ്പെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. എംബാപ്പെ ഫ്രാന്‍സ് വിട്ട് റയലിലേക്ക് ഉടന്‍ പോകുമെന്ന വാര്‍ത്തകള്‍ നേരത്തെ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം 2024ന് അപ്പുറത്തേക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ ഒരുക്കവുമല്ല. പിഎസ്ജിയില്‍ ഒരു വര്‍ഷത്തെ കരാറാണ് എംബാപ്പെയ്ക്ക് അവശേഷിക്കുന്നത്. ഒരു വര്‍ഷം കൂടി ആവശ്യമെങ്കില്‍ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ടെങ്കിലും 2024ന് അപ്പുറത്തേക്ക് പിഎസ്ജിയില്‍ തുടരില്ല എന്ന് എംബാപ്പെ ഇതിനകം ക്ലബിനെ അറിയിച്ചിട്ടുണ്ട്. ഫ്രീ ട്രാന്‍സ്ഫറായി എംബാപ്പെ പോകാതിരിക്കാനാണ് ഇപ്പോള്‍ പിഎസ്ജി ലക്ഷ്യമിടുന്നത്. ഇതോടെ റയല്‍, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബ്ബുകള്‍ പണച്ചാക്കുമായി ഫ്രഞ്ച് ക്ലബ്ബിന്റെ പിന്നാലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top