മഡ്രിഡ്: ഫ്രാന്‍സ് ക്യാപ്റ്റനും പിഎസ്ജിയുടെ സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ ചേരും. സീസണൊടുവില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എംബാപ്പെ റയലിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതിനിടെ എംബാപ്പെയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പിഎസ്ജി ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മാര്‍കസ് റാഷ്‌ഫോര്‍ഡിനെ ക്‌ളബിലെത്തിക്കുന്നതിനുള്ള ആലോചനകള്‍ ആരംഭിച്ചു. സമ്മര്‍ ട്രാന്‍സ്ഫറില്‍ റാഷ്‌ഫോര്‍ഡിനെ സ്വന്തമാക്കാനാണ് പിഎസ്ജി ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുകയാണ്. താരം കരാര്‍ പുതുക്കിയിട്ടില്ല. ഇതോടെ എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാനും മറ്റു ക്ലബുമായി കരാറിലേര്‍പ്പെടാനും കഴിയും. എന്നാല്‍ താരത്തില്‍ നിന്നോ ക്ലബ് അധികൃതരില്‍ നിന്നോ ഔദ്യോഗികമായി ഇത് സംബന്ധിച്ച പ്രസ്താവനകള്‍ ഒന്നും വന്നിട്ടില്ല. 25 കാരനായ എംബാപ്പെ പിഎസ്ജിയുടെ മികച്ച താരങ്ങളില്‍ ഒരാളാണ്. 2017-ല്‍ മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോ നല്‍കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്.