കോട്ടയം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് രംഗത്ത്. മുന്നണിയില്‍ ഇല്ലാത്ത മാണിക്കു രാജ്യസഭാ സ്ഥാനം നല്‍കി തിരികെ കൊണ്ടുവരുന്ന നടപടി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും യശ്ശഃസ്സ് ഉയര്‍ത്താനല്ല തളര്‍ത്താനാണ് ഉപകരിച്ചതെന്ന് അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
യു ഡി എഫ് വിട്ടുപോയ കെ എം മാണിയെ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു എങ്കില്‍ ആ കാര്യം രഹസ്യ സ്വഭാവത്തോടെ നീക്കേണ്ട ഒരു കാര്യം ആയിരുന്നില്ല. മുന്നണിയില്‍ ഇല്ലാത്ത കെ എം മാണിക്ക് രാജ്യസഭാ സ്ഥാനം നല്‍കി മുന്നണിയിലേക്ക് കൊണ്ടുവരുന്ന നടപടി കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും യശസ് ഉയര്‍ത്താനല്ല തളര്‍ത്താനാണ് ഉപകരിച്ചത്. കെ എം മാണിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെ നേതൃ തലത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല. ഇതിനായി കെപിസിസി കൂടുകയോ ആശയവിനിമയം നടത്തുകയോ ചെയ്തില്ല എന്നുള്ളത് വളരെ ഖേദകരമായ ഒരു നടപടിയാണ്. യുഡിഎഫിനെ സംബന്ധിച്ചും അത്തരം ഒരു ചര്‍ച്ച അനിവാര്യമായിരുന്നു.
കെ എം മാണി കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന യുഡിഎഫ് വിട്ടത് വ്യക്തമായ ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് നടപടിയെ തുടര്‍ന്നല്ല. കോണ്‍ഗ്രസ്സിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അട്ടിമറിച്ച് ഏകപക്ഷീയമായി മാണി മുന്നണി വിടുകയാണ് ഉണ്ടായത്.
മാണി മുന്നണി വിട്ട സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഒരു സാഹചര്യം ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കലാപങ്ങള്‍ക്കിടവരുത്താതെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഈ മൂന്നു നേതാക്കള്‍ക്കും തുല്യമായി ഉള്ളതാണ്.