മുഖ്യമന്ത്രിയും മരംമുറിക്കേസ് പ്രതിയുമായുള്ള ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടില്‍ മരംമുറി കേസ് പ്രതിയെ ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് എംഎല്‍എ പി. ടി തോമസ്. നിയമസഭക്ക് അകത്തും പുറത്തും പി. ടി തോമസ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. ഇന്റലിജന്റ്സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്ത് മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി. ടി തോമസ് ആരോപിച്ചു.

മാംഗോ മൊബൈല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയില്‍ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി ടി തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാദം പി ടി തോമസ് തള്ളി. 2017 ജനുവരി 22നാണ് പിണറായി വിജയന്‍ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ മാംഗോ മൊബൈല്‍ ഓണ്‍ലൈന്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്.

നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകര്‍ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ചടങ്ങിലേക്ക് ക്ഷണിച്ചതിന് എം. മുകേഷ് എംഎല്‍എയെ ശാസിച്ചെന്നാണ് അറിവ്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉടമയെ കോഴിക്കോട്ട് ഹസ്തദാനം ചെയ്തതെന്നും പി. ടി തോമസ് ആരോപിച്ചു.

 

 

Top