തിരുവനന്തപുരം: എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിനെതിരെ പിടി തോമസ് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ആരോപണം പൊലീസ് സേനക്കകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാകുന്നു.
കൊച്ചിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പി.ടി തോമസ് നടത്തിയ പ്രസംഗത്തിലാണ് ഐ.ജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
നല്ല പൊലീസ് ഓഫീസര്‍മാരുള്ള കേരളത്തില്‍ അവരെ ‘സൈഡ് ലൈന്‍’ ചെയ്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പി.ടി തോമസ് ഒരു പാവം വീട്ടമ്മക്ക് നീതി കിട്ടാന്‍ അവര്‍ക്ക് തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കാണേണ്ടി വന്നൂവെന്നും ചൂണ്ടിക്കാട്ടി.
കേസന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് തന്നെ നിര്‍ദ്ദേശം നല്‍കേണ്ടി വന്നത് എന്ത് കൊണ്ടാണെന്നും പി.ടി തോമസ് ചോദിച്ചിരുന്നു.
സെന്‍ട്രല്‍ റേഞ്ച് ഐ.ജിയെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലന്നും ആ ഉദ്ദ്യോഗസ്ഥന്‍ ദാവൂദ് ഇബ്രാഹിമിന് പഠിക്കുകയാണെന്നും എം.എല്‍.എ തുറന്നടിച്ചു.
കുപ്രസിദ്ധങ്ങളായ നിരവധി കേസുകളുടെ തലപ്പത്ത് അന്വേഷിച്ചാല്‍ ഐജി ശ്രീജിത്തിനെ കാണാന്‍ കഴിയുമെന്നും നടപടിയെടുത്തില്ലങ്കില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളോട് മര്യാദക്ക് നടന്നില്ലങ്കില്‍ തീവ്രവാദ കേസില്‍പ്പെടുത്താന്‍ അറിയാമെന്ന് ഐ.ജി പറഞ്ഞതായും പിടി തോമസ് ആരോപിച്ചു.
ഗുണ്ടാ സംഘവും ഈ ഉദ്ദ്യോഗസ്ഥനും തമ്മിലുള്ള കൂട്ട്‌കെട്ട് അന്വേഷിക്കണം ‘കാവലാള്‍ കള്ളന്‍മാരായിരിക്കുന്ന’ കാഴ്ചയാണ് ഇപ്പോഴുള്ളത് എം.എല്‍.എ പറഞ്ഞു.
കൊച്ചിയില്‍ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ചൂണ്ടികാട്ടി പി.ടി തോമസ് നടത്തിയ വൈകാരിക പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷ അംഗങ്ങള്‍ ശ്രമിച്ചില്ലന്നതും ശ്രദ്ധേയമാണ്.
എറണാകുളത്ത് സിപിഎംന് വേണ്ടി ചോര നീരാക്കി പ്രവര്‍ത്തിച്ച എംഎം ലേറന്‍സ്,കെ.എന്‍ രവീന്ദ്രനാഥ്,എപി വര്‍ക്കി.ബാലചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് പിടി തോമസ് ഈ നല്ല പാര്‍ട്ടി ഇപ്പോള്‍ ഗുണ്ടാ സംഘങ്ങളുടെ കാവലാളായി നില്‍ക്കുന്നവരുടെ കൈകളിലാണെന്ന് ചൂണ്ടിക്കാണിച്ചത്.
ഈ വിമര്‍ശനം വളരെ ഗൗരവത്തോടുകുടിതന്നെയാണ് സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ ശ്രവിച്ചത്.
സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരായി പ്രത്യേക അന്വേഷണ ടീമിനെ തന്നെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് പിടി തോമസിന്റെ ഈ വെളിപ്പെടുത്തലാണ്.
നിയമസഭയില്‍ പി.ടിയുടെ വിമര്‍ശനം വന്ന ഉടനെ എറണാകുളത്ത് ഐ.ജി നേരിട്ട് സ്വയം തലവനായി ഗുണ്ടാവിരുദ്ധ സ്‌ക്വാഡുണ്ടാക്കി ‘മലക്കം മറിഞ്ഞെങ്കിലും’ മുഖ്യമന്ത്രി ഇടപെട്ട് സംസ്ഥാന തലത്തില്‍ തന്നെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ഉണ്ടാക്കാനും തലപ്പത്ത് സീനിയര്‍ എസ്.പിയെ നിയമിക്കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പൊലീസ് ട്രയിനിംങ് കോളേജ് പ്രിന്‍സിപ്പലായ സീനിയര്‍ എസ്.പി പ്രകാശിനാണ് സംസ്ഥാന തലത്തിലെ ഏകോപന ചുമതല ഡി.ജി.പി കൈമാറിയത്. എറണാകുളത്ത് കമ്മീഷണര്‍ ദിനേശും ഡെപ്യൂട്ടി കമ്മീഷണര്‍ അരുളുമാണ് ഗുണ്ടാവിരുദ്ധ ഓപറേഷന് നേതൃത്വം കൊടുക്കുന്നത്.
ഉന്നത ഐ.പി.എസ് ഓഫീസര്‍ക്ക് ഗുണ്ടാബന്ധം ആരോപിച്ച് നിയമസഭയില്‍ ഒരംഗം പ്രസംഗിക്കുന്നത് അപൂര്‍വ്വ സംഭവമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യം പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നത്.