തിരുവനന്തപുരം: കായികരംഗത്ത് വ്യക്തികള്‍ക്കല്ല, താരങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കായിക രംഗത്ത് കിടമത്സരങ്ങളും വിദ്വേഷവും വച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസ്സോടെയും കണ്ണോടെയും കാണണമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയിരുന്നു.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയില്‍ ലോകമീറ്റില്‍ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളികളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി വെട്ടിയത്.
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും വ്യക്തമാക്കിയിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പാലക്കാട് എം.പി എം.ബി രാജേഷ് എന്നിവര്‍ സംഭവത്തില്‍ ഇടപെടുകയും കേന്ദ്ര കായിക മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.