ചൈനയുമായുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ വളരെ ജനപ്രിയമായ ആപ്പായിരുന്നു പബ്ജി. ഈയിടെ പബ്ജി ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. പൂതിയ കുറച്ച് മാറ്റങ്ങളോടെയാണ് പബ്ജി ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നത്. വേഷത്തിലും അവതാരത്തിലും അടിമുടി മാറ്റത്തോടെയാണ് പബ്ജിയുടെ വരവ്.
ക്യാരക്ടറുകള്‍ക്ക് സ്വദേശി സ്വഭാവം കൊണ്ടുവന്നിരിക്കുന്നു എന്താണ് പ്രധാന മാറ്റം. ഗെയിമിനെ വിമര്‍ശിക്കുന്ന മാതാപിതാക്കളെയും സര്‍ക്കാരിനെയും ആരോഗ്യ വിദഗ്ധരെയും കൂടി പരിഗണനയിലെടുത്താണ് ഈ മാറ്റങ്ങള്‍. നേരത്തെ, പബ്ജിയില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് ഡാറ്റാ സുരക്ഷയുടെ കാര്യത്തിലാണ്. ചൈനീസ് കമ്പനിയായ ടന്‍സെന്റാണ് ഇന്ത്യയില്‍ പബ്ജി വിതരണം നടത്തുന്നതെന്നതായിരുന്നു ഇന്ത്യയില്‍ പബ്ജി നിരോധിക്കാന്‍ കാരണം.
പബ്ജിയില്‍ വേഷവിധാനത്തിലുള്ള മാറ്റങ്ങളെ സംസ്‌കരി എന്ന് വിളിക്കാം. പൂര്‍ണമായും ഭാരത വല്‍ക്കരിച്ച രീതിയിലാകും അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ കളിക്കാര്‍ക്കായി ധോതികള്‍, കുര്‍ത്ത, സാരികള്‍, സല്‍വാറുകള്‍ എന്നിവ ഉണ്ടാകും. സാധാരണയായി, ഒരു ഗെയ്മര്‍ മത്സരത്തിലുണ്ടാകുന്ന അവതാര്‍ വിദേശ വസ്ത്രങ്ങളാകും ഉപയോഗിക്കുക. മാത്രമല്ല, ഗെയിമില്‍ ഇനി മുതല്‍ രക്തച്ചൊരിച്ചിലുമുണ്ടാകില്ല. അക്രമം കാണാന്‍ ആഗ്രഹിക്കാത്തവര്‍ക്ക്, ശത്രുവിനെ കൊല്ലുമ്പോള്‍ പ്രധാന വിഷ്വല്‍ ഘടകങ്ങളിലൊന്നായി വരുന്ന രക്തച്ചൊരിച്ചില്‍ രീതിയും ഇനിയില്ല. രക്തച്ചൊരിച്ചിലിന് പകരം ഒരു ശത്രുവിനെ കൊല്ലുമ്പോള്‍ പച്ച ദ്രാവകം പുറത്തുവരുന്നതായാണ് ഇനി ഗെയിം കാണിക്കുക. കൊലപാതക പ്രക്രിയയും വ്യത്യസ്തമായേക്കും.
ഇന്ത്യന്‍ ഉപയോക്താക്കളില്‍ കൂടുതല്‍ പേരും കൂടുതല്‍ നേരം പബ്ജിയില്‍ ചെലവിടുന്നത് ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ഉണ്ടാകുമെന്ന രീതിയില്‍ വലിയ പരാതിയായി ഉയര്‍ന്നിരുന്നു. നിര്‍ദ്ദിഷ്ട നിയന്ത്രണ കാലയളവിനു ശേഷം ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന പുതിയ കണ്‍ട്രോള്‍ ഫീച്ചര്‍ ഉപയോഗിച്ച് അമിത ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫീച്ചര്‍ ഇത്തവണ പബ്ജി പുറത്തിറക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ നിയന്ത്രണം എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമോ അതോ ഇതിന് ഏതെങ്കിലും തരത്തിലുള്ള പാസ്വേഡോ സെറ്റിങ്സോ ഉണ്ടോ എന്നും ഉറപ്പില്ല.