യുട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ യുട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റില്‍

യുട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞതിനും കബിളിപ്പിച്ച് പണം കൈക്കലാക്കിയതിനും പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തമിഴ് യുട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റില്‍. പത്ത് ലക്ഷത്തില്‍ അധികം വരിക്കാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമ പൊലീസിനെ പേടിച്ച് ഒളിവില്‍ പോയിരിക്കുകയായിരുന്നു. ശേഷം പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തവെയാണ് ധര്‍മപുരിയില്‍ വെച്ച് ഇയാള്‍ പിടിയിലായത്.

പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. ഐടി നിയമത്തിലെ നാല് വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. നേരത്തെ ഇയാളുടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് നിന്നും പിടികൂടിയിരുന്നു. യുട്യൂബ് ചാനലിന്റെ രജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലായിരുന്നു.

പബ്ജി ഗെയിം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബറായ പബ്ജി മദനും ഉപയോഗപ്പെടുത്തിയത്. പബ്ജിയുടെ യുട്യൂബ് ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. അതിനിടെ സഹകളിക്കാരുമായി നടത്തുന്ന ദ്വയാര്‍ത്ത, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ പബ്ജി 18 പ്ലസ് എന്ന ചാനലിനെതിരെ ഉയര്‍ന്ന പ്രധാന പരാതി.

പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഇയാള്‍ക്കെതിരെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. മദനെതിരെ സ്ത്രീകള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇയാള്‍ യുട്യൂബ് ലൈവില്‍ എത്തി ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തതോടെയാണ് ഇയാള്‍ പിടിയിലായത്.

 

Top