ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്ന് വരെ ഒരു ഭരണകൂടവും ചെയ്യാത്ത ജനഹിതം നടപ്പാക്കി മോദി സര്‍ക്കാര്‍.
രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളായ പത്മ പുരസ്‌കാരങ്ങളുള്‍പ്പെടെ പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മേഖലയിലെ ‘കച്ചവട’ ങ്ങള്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്നതാണ്. ഭരണകൂടങ്ങളെ സ്വാധീനിച്ച് നോട്ടുകെട്ടുകളുടെ ബലത്തില്‍ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രവണതക്കുള്ള കനത്ത പ്രഹരമാണ് ധീരമായ ഈ തീരുമാനം.
പലപ്പോഴും അര്‍ഹതപ്പെട്ടവരെ ഒരു ദയയുമില്ലാതെ വെട്ടിനിരത്തിയാണ് പുരസ്‌കാരങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടലില്‍ നല്‍കപ്പെടാറുള്ളത്.
ദേശീയ പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വ്യക്തമാക്കിയത്. മുന്‍പ് പത്മ പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കിയിരുന്നത് മന്ത്രിമാരായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ഈ സ്ഥിതിക്കു മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി ആര്‍ക്കും ശുപാര്‍ശ സമര്‍പ്പിക്കാം, ഓണ്‍ലൈനായി വേണം പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കേണ്ടത് പ്രധാനമന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ചെറിയൊരു മാറ്റത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ആര്‍ക്കു വേണമെങ്കിലും ഒരാളെ പത്മ പുരസ്‌കാരത്തിനായി ഓണ്‍ലൈനായി നിര്‍ദേശിക്കാം. എല്ലാ ജനങ്ങള്‍ക്കും രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്‍കാന്‍ സാധിക്കും. നമ്മുടെ വളര്‍ച്ചയ്‌ക്കൊപ്പം ഈ കഴിവുകളെ സമന്വയിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.