കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യ മദ്യപാനം. ഇത് ചോദ്യം ചെയ്ത ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ കൈയാങ്കളിയായി. ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവും കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി പത്തുമണി കഴിഞ്ഞ് ഇടപ്പള്ളി മരോട്ടുചോട്ടിലെ റസ്റ്റോറന്റിലാണ് സംഭവം. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെട്ട അഞ്ചുപേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഹോട്ടലിനകത്തെ ഫാമിലി ഇരിപ്പിടത്തില്‍ എത്തിയ ഇവര്‍ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പികള്‍ പൊട്ടിച്ച് കഴിക്കാന്‍ ആരംഭിച്ചു. ഇത് ഹോട്ടല്‍ ജീവനക്കാര്‍ ചോദ്യംചെയ്തു.ഹോട്ടലില്‍വെച്ച് മദ്യപാനത്തിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജീവനക്കാരും വിദ്യര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. അല്പസമയത്തിനകംതന്നെ പ്രശ്നം പരിഹരിച്ച് ഇവരെ ഹോട്ടലില്‍നിന്ന് പറഞ്ഞുവിട്ടിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് പത്തോളം വരുന്ന സംഘവുമായെത്തിയ വിദ്യാര്‍ഥികള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരെ കൈയാങ്കളി നടത്തി. ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണും ചെളിയും വാരിയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വിരല്‍ ഒടിഞ്ഞിട്ടുണ്ട്.തൃക്കാക്കര പോലീസിനെ വിവരമറിയിച്ചതോടെ പോലീസെത്തുകയും അക്രമം നടത്തിയവരെ പിടികൂടുകയുമായിരുന്നു. കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.