ഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികളെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്ക് പിന്നില്‍ മറ്റുദ്ദേശങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും കേന്ദ്രം വാദിച്ചു.
ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനും പിന്നില്‍ ചില മറഞ്ഞിരിക്കുന്ന അജണ്ടകളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഹാജരായി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ അടുത്ത വാദം ഈ മാസം 25ന് നടക്കും.