പൊതുമാപ്പ്: അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

അബുദാബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് 38 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ദുബായ് അവീര്‍ ഉള്‍പ്പെടെ എല്ലാ പൊതുമാപ്പ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രേഖകള്‍ ശരിപ്പെടുത്താനും, നാട്ടിലേക്ക് മടങ്ങാനുമായി വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ദുബായിലെ ആമിര്‍ സെന്ററുകളില്‍ മാത്രം എത്തിയത് 32,800 നിയമ ലംഘകരാണ്. കുറ്റമറ്റ സംവിധാനങ്ങളിലൂടെ ഏറ്റവും എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് എമിഗ്രേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നടപടികള്‍ അടുത്ത മാസം 31 വരെയാണ് നടക്കുന്നത്. അനധികൃതമായി രാജ്യത്തു താമസിച്ച 8000 പേരുടെ താമസം നിയമവിധേയമാക്കാന്‍ ദുബായ് ആമിര്‍ സെന്ററുകള്‍ മുഖേന സാധിച്ചിട്ടുണ്ട്. 2344 പേര്‍ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

രാവിലെ 8 മണിക്ക് മുന്‍പ് തന്നെ നൂറു കണക്കിന് അപേക്ഷകരാണ് ദിവസേന ഇവിടെ എത്തുന്നത്. ആര്‍.ടി.എ ഇവിടേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം തിരക്ക് ഗണ്യമായി കൂടുമെന്നാണ് വിവിധ കോണ്‍സുലേറ്റുകള്‍ വിലയിരുത്തുന്നത്.

Top