കെയു ബിജു കൊലക്കേസ്; കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല: ആര്‍. രവീന്ദ്രന്‍

തൃശൂര്‍: കെയു ബിജു കൊലക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പിള്ളി ആര്‍. രവീന്ദ്രന്‍. കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആര്‍. രവീന്ദ്രന്‍ പറഞ്ഞു. ശരിയായ നിലയില്‍ തെളിവ് വിലയിരുത്താന്‍ കോടതിക്ക് കഴിഞ്ഞില്ല. അബോധാവസ്ഥയിലുള്ള ബിജുവിന് ഒന്നും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ബിജു മൊഴി നല്‍കിയില്ലെന്ന കോടതിയുടെ വാദം വിചിത്രമാണെന്നും ആര്‍. രവീന്ദ്രന്‍ പറഞ്ഞു. കേസില്‍ 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വെറുതെവിട്ടത്.

ദൃക്‌സാക്ഷികളെ കോടതി അവിശ്വസിച്ചു. ചാന്‍സ് വിറ്റ്‌നസ് എന്നാണ് കോടതി വിലയിരുത്തല്‍. തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്ന മറ്റൊരു വിചിത്രവാദവും കോടതി നടത്തി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു. സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷ് വിധി പുറപ്പെടുവിച്ചത്.

കെ യു ബിജുവിനെ 2008 ജൂണ്‍ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ജോബ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആര്‍. രവീന്ദ്രനായിരുന്നു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.

Top