പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. മണര്‍കാട് പൊടിമറ്റത്ത് നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. അതേസമയം മന്ത്രിമാര്‍ പങ്കെടുക്കുന്ന വികസന സദസ്സുകള്‍ തുടരുകയാണ്.

മുഖ്യമന്ത്രി ഇന്നലെ എത്തിയത് എല്‍ഡിഎഫ് ക്യാമ്പില്‍ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികള്‍ മണ്ഡലത്തില്‍ ഉണ്ടാകും. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടനം തുടരുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ലീജിന്‍ലാല്‍ വരുംദിവസങ്ങളില്‍ വാഹനപര്യടനത്തിലേക്ക് കടക്കും.

ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് കോട്ടയം ബസേലിയസ് കോളജില്‍ നടക്കും. സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ ക്രമീകരണം നടത്തുന്നത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കൂടി സന്നിധ്യത്തിലാണ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നല്‍കിയ വോട്ടര്‍മാരുടെ വീടുകളില്‍ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.

Top