പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് എ.കെ ബാലന്‍

ak balan

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് എ.കെ ബാലന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഭയമില്ല. കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയില്‍ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം പുതുപ്പള്ളിയിലുണ്ടാവുക സര്‍ക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഇടത് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്, സര്‍ക്കാര്‍ എന്ത് ചെയ്തു. ഉമ്മന്‍ ചാണ്ടി കൊലയാളികളുടെ രക്ഷകര്‍ത്താവെന്ന സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ പരാമര്‍ശം ശരിയാണോയെന്ന് സിപിഐഎം ചിന്തിക്കണം.

ഇത്രയും നാള്‍ ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. താന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ അനില്‍കുമാര്‍ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തില്‍ പോലുമല്ലാത്ത ആളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ എന്ത് ചെയ്തുവെന്ന് ഇവിടുത്തെ നാട്ടുകാരോട് ചോദിക്കണമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Top