അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി. താരത്തിന്റെ മികവിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കുന്നു. 194 പന്തുകൾ നേരിട്ടാണ് താരം ശതകം തികച്ചത്. നിലവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന നിലയിൽ. ഓസ്‌ട്രേലിയയുടെ സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 292 റൺസ് വേണം.
ഗിൽ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് സെഞ്ച്വറി കുറിച്ചത്. ഗിൽ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാര പുറത്തായി. 121 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകൾ സഹിതം 42 റൺസെടുത്താണ് പൂജാര മടങ്ങിയത്. രണ്ടാം വിക്കറ്റിൽ ഗിൽ- പൂജാര സഖ്യം 113 റൺസിന്റെ കൂട്ടുകെട്ടുയർത്തി പ്രതിരോധം തീർത്തി. പൂജാരയെ ടോഡ് മർഫി വിക്കറ്റിന് മുന്നിൽ കുടുക്കി.
103 റൺസുമായി ഗിൽ ബാറ്റിങ് തുടരുന്നു. റണ്ണൊന്നുമെടുക്കാതെ കോഹ് ലിയും ക്രീസിൽ.
മികച്ച രീതിയിൽ ബാറ്റ് ചെയ്ത് മുന്നോട്ടു പോകവേയാണ് രോഹിത് ശർമ വീണത്. നായകൻ 58 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റൺസെടുത്ത് മടങ്ങി. രോഹിതിനെ മാത്യു കുനെമാൻ ലബുഷെയ്‌നിന്റെ കൈയിലെത്തിച്ചു.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 480ൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ദിനത്തിലെ അവസാന സെഷനിൽ ബാറ്റിങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസെന്ന നിലയിൽ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചിരുന്നു.
മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ മികച്ച രീതിയിൽ മുന്നേറവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്‌കോർ 74ൽ നിൽക്കെയാണ് രോഹിതിന്റെ മടക്കം. നിലവിൽ 41 റൺസുമായി ശുഭ്മാൻ ഗില്ലും രണ്ട് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഉസ്മാൻ ഖവാജ (180), കാമറൂൺ ഗ്രീൻ (114) എന്നിവരുടെ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. വാലറ്റത്ത് നതാൻ ലിയോൺ (34), ടോഡ് മർഫി (41) എന്നിവർ ചേർന്ന സഖ്യം സ്‌കോർ 450 കടത്തി.
ഇന്ത്യക്കായി ആർ അശ്വിൻ ആറ് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.