കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രണ്ട് ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്.
പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയാല്‍ ദിലീപുമായി ചേര്‍ന്ന് കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്നും കക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കേസിലെ നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തോടെ നടത്താനും കോടതി തീരുമാനിച്ചിരുന്നു.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജാമ്യം ലഭിക്കേണ്ടത് പ്രതിയുടെ അവകാശമാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ വാദിച്ചു. ഈ മാസം 18 നായിരുന്നു സുനിയ്ക്ക് ജാമ്യത്തിനായി ആളൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കും.