44 -ാ മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ നേടി പുല്ല് – റൈസിങ് എന്ന മലയാളചിത്രം. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ റഷ്യയിൽ മോസ്കോയിൽ വെച്ച് നടക്കുന്ന ഈ മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളിൽ ഒന്നുകൂടിയാണ്.
ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളിൽ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്കാരങ്ങൾ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് ഒരുങ്ങുകയായിരുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് കണ്ടവരിൽ നിന്നും ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നവാഗതനായ അമൽ നൗഷാദ് ആണ് സിനിമയുടെ രചനയും സംവിധാനവും. സിനായി പിക്ചേഴ്സിന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചായാഗ്രഹണം നിസ്മൽ നൗഷാദും പശ്ചാത്തലസംഗീതം സഞ്ജയ് പ്രസന്നനും കൈകാര്യം ചെയ്തിരിക്കുന്നു.
‘ബിരിയാണി’, ‘ചുരുളി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുർജിത് ഗോപിനാഥ് ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാൽ, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാർ സേതു തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.