ഉരുള്‍പൊട്ടലില്‍ നിന്നും കുടുംബത്തെ ജീവിതത്തിലേക്ക് വലിച്ചു കേറ്റി കെഎസ്ആര്‍ടിസി ജീവനക്കാരന്‍

പുല്ലുപാറ: ഉരുള്‍പൊട്ടലില്‍പ്പെട്ട വിനോദസഞ്ചാരികള്‍ക്ക് രക്ഷകനായി കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ഇടുക്കി പുല്ലുപാറയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.

ഉരുള്‍പൊട്ടുന്നത് കണ്ട് കാറില്‍ നിന്നിറങ്ങുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ ബിപിന്‍ കുമാര്‍ പട്ടേലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനിടെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രക്ഷകനായി എത്തുകയായിരുന്നു.

കുമളി-മുണ്ടക്കയം ദേശീയപാതയിലാണ് അപകടമുണ്ടായത്. കാറില്‍ കുമളിയിലേക്കുള്ള യാത്രയിലായിരുന്നു ബിപിന്‍ കുമാര്‍ പട്ടേലും കുടുംബവും. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

ബിപിന്‍ കുമാര്‍ പട്ടേലും ഭാര്യയും മകനും ഡ്രൈവറുമടങ്ങുന്ന സംഘം ഉരുള്‍പൊട്ടലില്‍പെട്ടു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജയ്സണ്‍ ജോസഫ് അവസരോചിതമായി ഇടപെട്ട് നാല് പേരെയും രക്ഷപ്പെടുത്തി.

വെള്ളപ്പാച്ചിലിലേക്ക് ഇറങ്ങി ബിപിന്‍ കുമാറിനേയും കുടുംബത്തേയും ഡ്രൈവറിനേയും ബസിലേക്ക് പിടിച്ചുവലിച്ചു കയറ്റുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇവര്‍ ഇപ്പോള്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top