തിരുവനന്തപുരം: പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധിക മരിക്കാനിടയായ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം.
മന്ത്രിമാരോ റവന്യൂ ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ ശിലുവമ്മയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലപാടിലായിരുന്നു നാട്ടുകാര്‍.
എന്നാല്‍ മൃതദേഹം സംസ്‌കാരിക്കാതെ വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റിയ നിലയിലായിരുന്നില്ല. അതിനാല്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.
അതേസമയം, സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരൊന്നും എത്താതിരുന്നത് വീഴ്ചയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് സ്ഥലത്തേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് തെരുവനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ (65) മരിച്ചത്.
നൂറോളം നായ്ക്കളുടെ സംഘമാണ് ഇവരെ ആക്രമിച്ചത്. ഇവരുടെ ശരീരം കടിച്ചു കീറിയ നിലയിലായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചിരുന്നു.
മറ്റൊരു സംഭവത്തില്‍ വിഴിഞ്ഞം പുല്ലുവിള സ്വദേശിനി ഡെയ്‌സിക്കും (52) തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു.