കൊച്ചി: 2011-ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചി സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2011 നവംബറില്‍ ‘ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. ചിത്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരിഗയാണ് പരാതിക്കാരന്‍. സംഭവസമയത്ത് പള്‍സര്‍ സുനിയായിരുന്നു ജോണി സാഗരിഗയുടെ ഡ്രൈവര്‍.
ഷൂട്ടിംഗിനുശേഷം ട്രെയിനില്‍ കൊച്ചിയിലെത്തിയ നടിയെ പള്‍സര്‍ സുനിയുടെ സംഘം ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ നടി ഭര്‍ത്താവിനെയും ചിത്രത്തിന്റെ നിര്‍മാതാവിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഘം നടിയെ കമ്പളത്തെ റമദ റിസോര്‍ട്ടില്‍ ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടു.
സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവനടിയെ കൂടി തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നു. എന്നാല്‍ യുവനടി യാത്ര നീട്ടിയതിനെ തുടര്‍ന്ന് സുനിയുടെ പദ്ധതി നടന്നില്ല. രണ്ടു നടിമാരെയും തട്ടിക്കൊണ്ടുപോകാനായിരുന്നു പള്‍സര്‍ സുനിയുടെ ശ്രമമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
ഫെബ്രുവരിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനോടനുബന്ധിച്ച് ഈ വെളിപ്പെടുത്തലുമായി നടിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജോണി സാഗരികയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹായിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.