കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ പതിനൊന്നോടെ സുനിയെ കോടതിയില്‍ ഹാജരാക്കും.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന്റെ പേരിലാണ് പള്‍സര്‍ സുനിയെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
സുനിക്ക് പുറമെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിച്ച സഹതടവുകാരന്‍ മേസ്തിരി സുനിയെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും തൃക്കാക്കര എസിപി ഓഫീസിലും ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലും എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു, വിപിന്‍ലാല്‍ എന്നിവരെയും ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മോഷണം നടത്തിയ ഇമ്രാനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷവും സംഭവുമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ അക്കാര്യത്തിലും പോലീസ് ചോദ്യം നടത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സുനി സഹകരിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.